മകനെ കൊന്ന അമ്മയെ കോടതി വിട്ടയച്ചു.
1 min read

നെടുമ്പനയിൽ 14 വയസുള്ള മകനെ കൊലപ്പെടുത്തിയെന്ന കേസിൽ അമ്മയെ കോടതി വിട്ടയച്ചു.
2018 ജനുവരി പതിനഞ്ചിന് മകൻ ജിത്തുവിനെ അമ്മ ജയമോൾ കൊലപ്പെടുത്തിയെന്നാണ് കേസ്.
കുരീപ്പള്ളി സ്വദേശി ജയമോളെയാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിട്ടയച്ചത്. സാക്ഷികൾ കൂറുമാറിയതും തെളിവുകളുടെ അഭാവവുമാണ് ജയമോളെ വെറുതെ വിടാൻ കാരണമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമായി ജയമോൾ പൊലീസിനോട് പറഞ്ഞത്.
ഷാൾ ഉപയോഗിച്ച് ജയമോൾ മകന്‍റെ കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കി. ശേഷം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് മൊഴി നൽകിയത്. പിന്നീട് മൃതദേഹം വീടിന് പുറത്തു കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ചു ഭാഗികമായി കത്തിച്ചെന്നും പൊലീസ് കണ്ടെത്തി. ജിത്തുവിന്‍റെ മൃതദേഹം വീടിനു പിന്നിലെ പുരയിടത്തിൽ വാഴക്കൂട്ടത്തിന് ഇടയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

ബന്ധുക്കൾ ഉൾപ്പെടെയുള്ള സാക്ഷികൾ കൂറുമാറിയതോടെ കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. പ്രോസിക്യൂഷന്‍റെ ഭാഗത്തുനിന്നു മുപ്പത് സാക്ഷികളെ വിസ്‌തരിച്ചിരുന്നു. ജിത്തുവിൻന്‍റെ മൃതദേഹം കത്തിക്കാൻ മണ്ണെണ്ണ കൈമാറിയെന്ന് അന്ന് പൊലീസിന് മൊഴി നൽകിയ സ്ത്രീ ഉൾപ്പെടെയാണ് കൂറുമാറിയത്. തെളിവെടുപ്പിനെത്തിയപ്പോൾ ജയമോൾ കുറ്റം സമ്മതിച്ച് കൊലപാതകം നടത്തിയതെങ്ങനെയെന്നതടക്കം പൊലീസിനോട് വിശദീകരിച്ചിരുന്നു. എന്നാൽ ശാസ്ത്രീയ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ജയമോളെ കൊല്ലം അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു.

About The Author
