ഉമ്മര്‍ ഫൈസി മുക്കത്തിനെതിരായ ലീഗ് ഗുണ്ടായിസം ചെറുക്കും
1 min read

മലപ്പുറം: പാണക്കാട് സാദിഖ് അലി തങ്ങൾക്കെതിരെ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഇസ്ലാം മതപണ്ഡിതൻ ഉമ്മർ ഫൈസി മുക്കത്തിനെതിരെ ലീഗ് നടത്തുന്ന രാഷ്ട്രീയ ഗുണ്ടായിസം ചെറുക്കുമെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ:ഷമീർ പയ്യനങ്ങാടി പ്രസ്താവനയിൽ പറഞ്ഞു. ഉമ്മർ ഫൈസി മുക്കത്തിനെതിരെ കേസ് കൊടുത്ത ലീഗ് നേതാക്കൾക്കെതിരെയാണ് കേസെടുക്കേണ്ടത്. ഭീഷണിയുടെ സ്വരത്തിൽ ലീഗ് പ്രതികരിക്കും എന്ന് പ്രസ്താവിച്ച എം കെ മുനീറിനെതിരെ കേസെടുക്കണം. ജന്മം കൊണ്ട് ഇസ്ലാമിൽ സ്ഥാനവും മഹത്വവും നൽകുന്നത് ജാതീയതയും ഇസ്ലാമിക വിരുദ്ധവുമാണെന്ന പ്രവാചക പ്രഖ്യാപനത്തിന് വിരുദ്ധമായി പാണക്കാട് തങ്ങൾമാർക്ക് ഖാളി സ്ഥാനം പതിച്ചു നൽകുന്നത് തെറ്റാണെന്ന് പറയാൻ നവോത്ഥാന മുസ്ലിം മത സംഘടനകൾ ആർജ്ജവം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങൾമാരെന്നും മുസ്ലിം, മാപ്പിളകൾ, എന്നും തരംതിരിച്ച് തമ്പ്രാക്കളും അടിയാളുകളും എന്ന കടുത്ത ജാതീയത കേരള മുസ്ലിം സമുദായത്തിനിടയിൽ ശക്തമാണ്. ഈ പ്രാമാണിക്യത്തിനും ജാതീയതക്കും എതിരെ ശബ്ദിക്കാൻ നവോത്ഥാന പ്രസ്ഥാനങ്ങൾ എന്ന് മേനി നടിക്കുന്ന മുജാഹിദ് ജമാഅത്ത് പ്രസ്ഥാനങ്ങൾ പോലുള്ളവർക്ക് നട്ടെല്ല് നഷ്ടപ്പെട്ടിരിക്കുകയാണ്. മുസ്ലിം സമുദായത്തിലെ ഒരു വിഭാഗത്തിൻറെ ഈ അന്ധവിശ്വാസത്തെ മുതലെടുത്ത് മുസ്ലിംലീഗിന്റെ എല്ലാ അധാർമിക രാഷ്ട്രീയ പ്രവർത്തനങ്ങൾക്കും ഖാളി പട്ടം ഉപയോഗിച്ച് മറ പിടിക്കുകയാണ് പാണക്കാട് തങ്ങൾ.

About The Author
