മത്സ്യവില്‍പ്പനക്കിടെ സിപിഎമ്മുകാരനെ വെട്ടിക്കൊലപ്പെടുത്തി.പ്രതികള്‍ക്ക് ജീവപര്യന്തം

1 min read
Share

അഷ്‌റഫ് വധക്കേസില്‍ ആര്‍എസ്എസുകാരായ പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ. തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി(4) ആണ് ശിക്ഷ വിധിച്ചത്. പിണറായിക്കടുത്തെ കാപ്പുമ്മലില്‍ മത്സ്യവില്‍പ്പനയ്ക്കിടെ സിപിഎം പ്രവര്‍ത്തകന്‍ എരുവട്ടി കോമ്പിലെ സി അഷറഫിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

ജീവപര്യന്തം കൂടാതെ 80,000 രൂപ പിഴയും കോടതി വിധിച്ചു. എരുവട്ടി പുത്തന്‍കണ്ടം പ്രനൂബ നിവാസില്‍ കുട്ടന്‍ എന്ന എം പ്രനു ബാബു (34), മാവിലായി ദാസന്‍മുക്ക് ആര്‍വി നിവാസില്‍ ടുട്ടു എന്ന ആര്‍ വി നിധീഷ് (36), എരുവട്ടി പാനുണ്ട മണക്കടവത്ത് ഹൗസില്‍ ഷിജൂട്ടന്‍ എന്ന വി ഷിജില്‍ (35), പാനുണ്ട ചക്യത്തുകാവിനടുത്ത ചിത്രമഠത്തില്‍ ഉജി എന്ന കെ ഉജേഷ് (34) എന്നിവരെയാണ് ശിക്ഷിച്ചത്.

കൊലപാതകത്തിന് 302 വകുപ്പ് പ്രകാരം ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും, വധശ്രമത്തിന് 307 വകുപ്പ് പ്രകാരം 7 വര്‍ഷം തടവും 20,000 രൂപയും, പരിക്കേല്‍പിച്ചതിന് 324 വകുപ്പ് പ്രകാരം 2 വര്‍ഷം തടവും 10,000 രൂപയും അന്യായമായി തടങ്കലില്‍ വെച്ചതിന് 341 വകുപ്പ് പ്രകാരം ഒരുമാസം തടവിനുമാണ് ശിക്ഷിച്ചത്. പിഴ സംഖ്യ കൊല്ലപ്പെട്ട അഷ്‌റഫിന്റെ കുടുംബത്തിന് നല്‍കണമെന്നും കോടതി വിധിച്ചു.

കീഴത്തൂര്‍ കോമത്ത് ഹൗസില്‍ കൊത്തന്‍ എന്ന എം ആര്‍ ശ്രീജിത്ത് (39), പാതിരിയാട് കുഴിയില്‍പീടിക ബിനീഷ് നിവാസില്‍ പി ബിനീഷ് (48) എന്നിവരെ വെറുതെ വിട്ടു. എട്ടുപേര്‍ പ്രതികളായ കേസില്‍ ഏഴും എട്ടും പ്രതികളായ എരുവട്ടി പുത്തന്‍കണ്ടം ഷിജിന്‍ നിവാസില്‍ മാറോളി ഷിജിന്‍, കണ്ടംകുന്ന് നീര്‍വേലി തട്ടുപറമ്പ് റോഡ് സൗമ്യ നിവാസില്‍ എന്‍ പി സുജിത്ത് (29) എന്നിവര്‍ വിചാരണക്ക് മുമ്പ് മരിച്ചിരുന്നു.

മത്സ്യവില്‍പ്പനക്കിടെ കാപ്പുമ്മല്‍-സുബേദാര്‍ റോഡില്‍ 2011 മെയ് 19ന് രാവിലെ 9.30നാണ് അഷ്‌റഫിനെ ആക്രമിച്ചത്. മൂന്നും നാലും പ്രതികളായ ഷിജില്‍, ഉജേഷ് എന്നിവര്‍ ‘അവനെ കൊല്ലെടാ’ എന്ന് പറഞ്ഞ് ചൂണ്ടിക്കാട്ടുകയും ആറും ഏഴും പ്രതികളായ ബിനീഷ്, ഷിജിന്‍ എന്നിവര്‍ അഷ്‌റഫിനെ തടഞ്ഞുനിര്‍ത്തുകയും ഒന്നും അഞ്ചും പ്രതികളായ പ്രനുബാബു, എം ആര്‍ ശ്രീജിത്ത് എന്നിവര്‍ കത്തിവാള്‍ കൊണ്ടും രണ്ടാം പ്രതി ആര്‍വി നിധീഷ് മഴു ഉപയോഗിച്ചും വെട്ടിയെന്നുമാണ് കുറ്റപത്രത്തിലുളളത്. രാഷ്ട്രീയ വൈരാഗ്യം കാരണമാണ് പ്രതികള്‍ കൊല നടത്തിയതെന്നായിരുന്നു പ്രൊസിക്യൂഷന്‍ വാദം. സജീവ സിപിഎം പ്രവര്‍ത്തകനായിരുന്നു മത്സ്യവില്‍പ്പനക്കാരനായ അഷ്‌റഫ്.

About The Author


Share

Leave a Reply

Your email address will not be published. Required fields are marked *