കെ ടി ജലീലിന്റെ പ്രസ്താവന വിവാദമാകുന്നു

1 min read
Share


കരിപ്പൂരില്‍ സ്വര്‍ണം കടത്തി പിടിക്കപ്പെടുന്നവരില്‍ 99 ശതമാനവും മുസ്ലീം പേരുകാരെന്ന് കെ ടി ജലീല്‍. ഇവരൊക്കെ കള്ളക്കടത്ത് മതവിരുദ്ധമല്ലെന്നാണ് ധരിച്ചുവച്ചിരിക്കുന്നതെന്ന് കെ ടി ജലീല്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം വിവാദമായതിന് പിന്നാലെ പുറത്തുവന്ന ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റും ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഒരു കമന്റിന് മറുപടിയായാണ് ജലീല്‍ ഇത്തരമൊരു വാദം ഉന്നയിച്ചത്. ‘കരിപ്പൂരില്‍ നിന്ന് സ്വര്‍ണ്ണം കടത്തി പിടിക്കപ്പെടുന്നവരില്‍ 99% വും മുസ്ലിം പേരുള്ളവരാണ്. അവരൊക്കെ ധരിച്ചു വെച്ചിരിക്കുന്നത് കള്ളക്കടത്ത് മതവിരുദ്ധമല്ല എന്നാണ്. ഹവാല ഇസ്ലാമിക വിരുദ്ധമല്ല എന്നാണ്. അത് തിരുത്തപ്പെടണം. വിശ്വാസികള്‍ക്ക് മതനിയമങ്ങള്‍ പാലിക്കാനാണ് കൂടുതല്‍ താല്‍പര്യം എന്നാണല്ലോ വെപ്പ്. എന്താ അതിനിത്ര മടി?’ എന്നായിരുന്നു ജലീലിന്റെ കമന്റ്. ഇതിനെ അനുകൂലിച്ചും വിമര്‍ശിച്ചും ഫേസ്ബുക്കിലൂടെ തന്നെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

മലപ്പുറത്തെ സ്വര്‍ണക്കടത്തും ഹവാലയും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതായി ദി ഹിന്ദു ദിനപത്രത്തില്‍ വന്നത് വലിയ വിവാദമായിരുന്നു. എന്നാല്‍ ഇത് താന്‍ പറഞ്ഞതല്ലെന്ന് മുഖ്യമന്ത്രി പിന്നീട് തിരുത്തിയിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കെ ടി ജലീലിന്റെ പ്രതികരണം.

About The Author


Share

Leave a Reply

Your email address will not be published. Required fields are marked *