നിലമ്പൂരില്‍ ഇനി മത്സരിക്കാനില്ല’പിവി അന്‍വര്‍

1 min read
Share

നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പിവി അന്‍വര്‍. നിലമ്പൂരില്‍ യുഡിഎഫ് നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നിരുപാധിക പിന്തുണ നല്‍കും. ഈ സര്‍ക്കാരിന്റെ കാലത്ത് നടക്കുന്ന അവസാനത്തെ ഉപതെരഞ്ഞടുപ്പ് പിണറായിസത്തിനെതിരെയുളള അവസാനത്തെ ആണിയായി മാറേണ്ടതുണ്ട്. നിലമ്പൂരില്‍ ഡിസിസി പ്രസിഡന്റ് വിഎസ് ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്നും അന്‍വര്‍ പറഞ്ഞു.

ഇനി 482 ദിവസം മാത്രമാണ് പിണറായിക്ക് ബാക്കിയുള്ളതെന്ന് അന്‍വര്‍ പറഞ്ഞു. ഇന്നുമുതല്‍ കൗണ്ട് ഡൗണ്‍ ആരംഭിക്കുകയാണ്. മലയോര കര്‍ഷരുടെ മുഴുവന്‍ പിന്തുണയും ആര്‍ജിച്ചുകൊണ്ടായിരിക്കും പിണറായിസത്തിനെതിരായ പോരാട്ടം. പിവി അന്‍വര്‍ പാര്‍ട്ടിയില്‍ നിന്ന് പോയിട്ട് ഒരുരോമം പോലും പോയില്ലെന്ന് പറയുന്നവര്‍ പാര്‍ട്ടിയിലുണ്ട്. അത് നമുക്ക് കാണാം. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ആരാകുമെന്ന കാര്യത്തില്‍ യുഡിഎഫിന് മുന്നില്‍ ഒരു ഡിമാന്റ് വയ്ക്കുന്നു. മലയോരമേഖലയില്‍ നിന്നുള്ള പ്രശ്‌നങ്ങള്‍ അറിയുന്ന ആളായിരിക്കണം നിലമ്പൂരിലെ സ്ഥാനാര്‍ഥി. മലയോര ജനതയെ നന്നായി അറിയുന്ന ആളാണ് നിലവിലെ ഡിസിസി അധ്യക്ഷന്‍ വിഎസ് ജോയ്. അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കണമെന്നതാണ് തന്റെ അഭിപ്രായമെന്നും അന്‍വര്‍ പറഞ്ഞു.

ആര്യാടന്‍ ഷൗക്കത്തിനെ സിനിമ, സാംസ്‌കാരിക നായകനായിട്ടേ തനിക്ക് അറിയുകയുള്ളു. അദ്ദേഹത്തെ കണ്ടിട്ട് ഒരുപാട് നാളായി. സാധാരണ കല്യാണത്തിനൊക്കെ പോകുമ്പോള്‍ കാണേണ്ടതാണ്. അതിനുപോലും കാണാറില്ല. അദ്ദേഹത്തിന്റെ സുഹൃത്തുക്കളോട് ചോദിച്ചപ്പോള്‍ കഥയെഴുതുകയാണെന്നാണ് പറഞ്ഞത്. കഥയെഴുതുന്നയാളെ അങ്ങനെ പുറത്തുകാണില്ലല്ലോയെന്നും അന്‍വര്‍ പറഞ്ഞു.

രാജി സ്പീക്കര്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ ബംഗാളിലെത്തി മമതയെ കണ്ട് നേരിട്ട് ടിഎംസി മെമ്പര്‍ഷിപ്പ് എടുക്കും. രാജിവയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല കൊല്‍ക്കത്തയിലേക്ക് പോയത്. ബംഗാള്‍ മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വിശദീകരിക്കുകയും ചെയ്തു. വന്യജീവിനിയമം കാരണം കേരളം ബുദ്ധിമുട്ടുകയാണ്. ഈ പ്രശ്‌നങ്ങള്‍ ദീദിയെ അറിയിച്ചു. പാര്‍ട്ടിയുമായി സഹകരിച്ചുപോകാന്‍ തീരുമാനിക്കുകയാണെങ്കില്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് മമതാ ബാനര്‍ജി തനിക്ക് ഉറപ്പുനല്‍കുകയും ചെയ്തു. ഇന്ത്യാ മുന്നണി ഒറ്റക്കെട്ടായി ഈ വിഷയം ഉന്നയിക്കുമെന്നും എംഎല്‍എ സ്ഥാനം രാജിച്ച് പോരാട്ടത്തിനിറങ്ങാന്‍ മമത നിര്‍ദേശിക്കുകയും ചെയ്തു.

About The Author


Share

Leave a Reply

Your email address will not be published. Required fields are marked *