ദീപാവലി ആഘോഷം; അമിട്ട് പൊട്ടി യുവാവിന്റെ കൈപ്പത്തി തകർന്നു
1 min read

ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. മുല്ലൂര്‍ തലയ്‌ക്കോട് സ്വദേശി നയന്‍ പ്രഭാതിന്റെ (20) വലതുകൈപ്പത്തിയാണ് അമിട്ട് പൊട്ടി തകര്‍ന്നത്. ബുധനാഴ്ച രാത്രിയിലായിരുന്നു അപകടം.

നയനും സുഹൃത്തുക്കളും വീട്ട് മുറ്റത്ത് പടക്കങ്ങള്‍ പൊട്ടിച്ച് ദീപാവലി ആഘോഷിക്കുകയായിരുന്നു. ഇതിനിടെ ഒരു അമിട്ട് കത്തിച്ച് റോഡിലേയ്ക്ക് എറിഞ്ഞെങ്കിലും പൊട്ടിയിരുന്നില്ല. ഈ സമയം റോഡിലൂടെ ലോറി വരുന്നത് കണ്ട് അമിട്ട് എടുത്തു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

ഉടന്‍ തന്നെ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് നയനെ നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ എത്തിച്ചു. തുന്നിച്ചേർക്കാൻ കഴിയാത്ത നിലയിൽ മാംസം ചിതറിപ്പോയതിനാൽ കൈപ്പത്തി മുറിച്ചു മാറ്റുകയായിരുന്നു.
About The Author
