ആശുപത്രിയിലെ സീലിങ് ഫാൻ പൊട്ടിവീണ് യുവതിക്കും അമ്മയ്ക്കും പരിക്ക്
1 min read

ചികിത്സ തേടിയെത്തിയ രോഗിയുടെ മേലെ സീലിങ് ഫാൻ പൊട്ടിവീണു. പേരൂർക്കട ഗവൺമെന്റ് ജില്ലാ മാതൃകാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് സംഭവമുണ്ടായത്. വട്ടിയൂർക്കാവ് തിട്ടമംഗലം പുലരി നഗർ സ്വദേശി ഗീത (54), മകൾ ശാലിനി (31) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്.

ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. പനിയെ തുടർന്നാണ് അമ്മ ഗീതയ്ക്കൊപ്പം ശാലിനി ആശുപത്രിയിൽ എത്തിയത്. നിരീക്ഷണ വാർഡിൽ മകളുടെ കട്ടിലിനു സമീപം ഇരിക്കുമ്പോൾ ഫാൻ വലിയ ശബ്ദത്തോടെ പൊട്ടിവീഴുകയായിരുന്നു. ഫാനിന്റെ ലീഫ് തട്ടി ഗീതയുടെ കണ്ണിന് സമീപം ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ശാലിനിക്ക് കാലിനാണു പരുക്ക്.

അതിനിടെ അപകടത്തെത്തുടർന്ന് ചികിത്സ നൽകാതെ ആശുപത്രി അധികൃതർ മടക്കിഅയയ്ക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഇവർ പേരൂർക്കട പൊലീസിൽ പരാതി നൽകി. എന്നാൽ ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഇൻചാർജ് ഡോ.ബി.ഉണ്ണികൃഷ്ണൻ അറിയിച്ചു.
About The Author
