എന്തസംബന്ധമാണ് കെ.ടി.ജലീൽ ഈ പറയുന്നത്!
1 min read


എന്തസംബന്ധമാണ് എൽഡിഎഫ് എംഎൽഎയായ കെ.ടി.ജലീൽ ഈ പറയുന്നത്!
സ്വർണ്ണക്കടത്ത് എന്ന ക്രിമിനൽ പ്രവൃത്തിയെ മുസ്ലീങ്ങളുമായി മാത്രം ചേർത്തുവയ്ക്കുന്ന ജലീലിന്റെ ഈ വാദം ആരെ സഹായിക്കാനാണ്? പിണറായിയെ പ്രീണിപ്പെടുത്താനുള്ള വ്യഗ്രതയിൽ സംഘ് പരിവാർ വാദങ്ങളുമായി ജലീലും ഇറങ്ങിയിരിക്കുകയാണോ?
സ്വർണ്ണക്കടത്തുമായി പിടിയിലാവുന്ന പ്രതികളിൽ ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ, സിപിഎം, കോൺഗ്രസ്, ലീഗ്, ബിജെപി, എസ്ഡിപിഐ, സ്ത്രീ, പുരുഷൻ, വ്യത്യാസമില്ലാതെ പലരുടേയും പേരുകൾ പത്രങ്ങളിൽ നമ്മൾ കാണാറുണ്ട്. ഇത്തരം പ്രതികളുടെ മതമോ സമുദായമോ രാഷ്ട്രീയമോ പ്രദേശമോ തിരിച്ചുള്ള കൃത്യമായ കണക്കൊന്നും പോലീസോ മറ്റ് അധികാരികളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പിന്നെന്തിനാണ് ഇക്കാര്യത്തിൽ ഒരുകൂട്ടർ മാത്രമായി മതവിധി പ്രഖ്യാപിക്കുന്നത്? സ്വർണ്ണക്കടത്തിന്റെ ഗുണഭോക്താക്കളായി കരുതപ്പെടുന്ന വിവിധ ജ്വല്ലറി ഗ്രൂപ്പുകളുടെ കൂട്ടത്തിലും എല്ലാ മതവിഭാഗക്കാരുമുണ്ട്.
അല്ലെങ്കിലും ഭരണഘടനാപരമായ മതേതര ജനാധിപത്യ ഭരണവും അന്വേഷണ ഏജൻസികളും നീതിന്യായക്കോടതികളുമൊക്കെ നിലനിൽക്കുന്ന ഒരു രാജ്യത്ത് ക്രിമിനൽ കുറ്റങ്ങൾക്കെതിരെ ഉയരേണ്ടത് മതവിധികളാണോ? മുസ്ലീങ്ങൾ ജനാധിപത്യ വ്യവസ്ഥിതിയിലെ സംവിധാനങ്ങളേക്കാളും മതവിധികൾക്കാണ് പ്രാധാന്യം നൽകുക എന്ന നറേറ്റീവും ഇങ്ങനെയൊരു സാഹചര്യത്തിൽ സംഘ് പരിവാർ പ്രൊപ്പഗാണ്ടയുടെ ഭാഗമാണ്. അതിനെയാണ് ജലീലിപ്പോൾ ശക്തിപ്പെടുത്തുന്നത്.
മിസ്റ്റർ ജലീൽ, സ്വർണ്ണക്കടത്ത് എന്ന നിയമവിരുദ്ധ ഇടപാട് തടയേണ്ടത് ഏതെങ്കിലും മതനേതാവോ രാഷ്ട്രീയ പാർട്ടി നേതാവോ അല്ല, സർക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങൾ ആണ്. ക്രൈം തടയേണ്ടത് സാരോപദേശം കൊണ്ടല്ല, ശക്തമായ ലോ എൻഫോഴ്സ്മെന്റ് വഴിയാണ്. അതിൽ ദയനീയമായി പരാജയപ്പെടുകയാണ് താങ്കൾ പിതൃതുല്യനായി കാണുന്ന പിണറായി വിജയന്റെ പോലീസ്. റോഡിൽ വച്ച് ചില പ്രതികളെ വളഞ്ഞിട്ട് പിടിച്ച് അവരുടെ കയ്യിലെ സ്വർണ്ണം അടിച്ചുമാറ്റുന്നതല്ലാതെ ഈ സ്വർണ്ണം ആരാണ് അയച്ചത്, ആർക്ക് വേണ്ടിയാണ് അയച്ചത് എന്ന് ഒരൊറ്റ കേസിൽ പോലും തെളിയിക്കാൻ കേരള പോലീസിന് കഴിയാത്തത് കൊണ്ടാണ് ഈ കള്ളക്കടത്ത് ആവർത്തിച്ചു കൊണ്ടിരിക്കുന്നത്.
അതുകൊണ്ട് കള്ളക്കടത്തുകാർക്ക് കീഴടങ്ങാത്ത ഒരു പോലീസ് സംവിധാനമുണ്ടാക്കാൻ വേണ്ടി ഒരു ജനപ്രതിനിധിയെന്ന നിലയിൽ ശബ്ദമുയർത്തൂ. മതവിധിക്ക് വേണ്ടി കാത്തുനിൽക്കാതെ നിങ്ങളെയൊക്കെ നിങ്ങളാക്കിയ ജനവിധിയോട് അൽപ്പമെങ്കിലും ഉത്തരവാദിത്തം കാണിക്കൂ.
About The Author
