സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടര്‍ന്ന് പിടിച്ച് നടി നവ്യ നായര്‍
1 min read

പട്ടണക്കാട് ലോറിയിടിച്ച് പരിക്കേറ്റ സൈക്കിള്‍ യാത്രികന് തുണയായി നടി നവ്യ നായര്‍. പട്ടണക്കാട് അഞ്ചാം വാര്‍ഡ് ഹരിനിവാസില്‍ രമേശിന്റെ സൈക്കിളില്‍ ഇടിച്ച് നിര്‍ത്താതെ പോയ ലോറി പിന്തുടര്‍ന്ന് നിര്‍ത്തിച്ച നവ്യ ധീരതയുടെ പര്യായമായി. തുടര്‍ന്ന് അപകടവിവരം കൃത്യസമയത്ത് പൊലീസിലും അറിയിച്ച് ചികിത്സയും ഉറപ്പാക്കിയ ശേഷമാണ് നവ്യ മടങ്ങിയത്. മൈനാഗപ്പള്ളിയില്‍ യുവതിയുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ വാഹനം നിര്‍ത്താതെ പോയ സംഭവം വലിയ വിമര്‍ശനത്തിന് ഇടയാക്കുമ്പോഴാണ് നടി നവ്യയുടെ മാതൃകാ ഇടപെടല്‍.

തിങ്കളാഴ്ച രാവിലെ 8.30 ഓടേ പട്ടണക്കാട് ഇന്ത്യന്‍ കോഫി ഹൗസിന് സമീപമാണ് അപകടം. ദേശീയപാത നവീകരണത്തിനായി തൂണുകളുമായി വന്ന ഹരിയാന രജിസ്‌ട്രേഷന്‍ ട്രെയിലറാണ് രമേശന്‍ സഞ്ചരിച്ച സൈക്കിളില്‍ ഇടിച്ചത്. നവ്യ സഞ്ചരിച്ച വാഹനം പിന്തുടര്‍ന്നപ്പോള്‍ ട്രെയിലര്‍ നിര്‍ത്തി. അപകടം നവ്യ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചിരുന്നു. ഹൈവേ പൊലീസും പട്ടണക്കാട് എഎസ്‌ഐ ട്രീസയും സ്ഥലത്തെത്തി. ഡ്രൈവറെയുള്‍പ്പെടെ എസ്എച്ച്ഒ കെ എസ് ജയന്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷമാണ് നവ്യ യാത്ര തുടര്‍ന്നത്.

ലോറി പൊലീസ് പിടിച്ചെടുത്തു. പരിക്കേറ്റ രമേശനെ ഹൈവേ പൊലീസിന്റെ വാഹനത്തില്‍ ആദ്യം തുറവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
About The Author
